Saturday, February 5, 2011

ഷിന്‍ ക്യോങ് നിം (1935- )



1956 ല്‍ ആദ്യ മൂന്നു കവിതകള്‍ പ്രസിദ്ധീകരിച്ചതിനുശേഷം കാവ്യരംഗത്തുനിന്ന് അപ്രത്യക്ഷനായി.
കൃഷിക്കാരനായും ഖനിത്തൊഴിലാളിയായും കച്ചവടക്കാരനായും ദീര്‍ഘകാലം കൊറിയന്‍  ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ചു. ഏകാധിപത്യ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായാതിനാല്‍ , ഒരു സാധാരണ കര്‍ഷകനായി  ഗ്രാമങ്ങളില്‍ ജീവിച്ചപ്പോഴും കൊറിയന്‍ നാടോടിപ്പാട്ടുകളുടെ  പാരമ്പര്യത്തെക്കുറിച്ചു പഠിക്കാനും ഗ്രാമീണകൊറിയയുടെ തീരായാതനകള്‍ മനസിലാക്കാനും തന്റെ യൌവ്വനം മുഴുവന്‍ ചിലവിട്ടു. 1973 ല്‍  'കര്‍ഷകരുടെ നൃത്തം' എന്ന കൃതിയോടെ കൊറിയന്‍ കാവ്യരംഗത്ത് വീണ്ടും സജീവസാന്നിധ്യമായി. തുടര്‍ന്ന്  7 കവിതാസമാഹാരങ്ങള്‍ .
കവിതയിലെ ദേശീയമാനം, സാമൂഹികമാനം, എന്നിവ മുഖ്യ ചര്‍ച്ചാവിഷയമായ എഴുപതുകളിലെയും എണ്‍പതുകളിലെയും കൊറിയന്‍കവിതയിലെ ഏറ്റവും ശക്തമായ സാന്നിധ്യമായി ഷിന്‍ ക്യോങ്  നിമ്മിന്റെ രചനകള്‍ കൊറിയന്‍കാവ്യചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു, നാടോടിഈണങ്ങളുടെ ഉജ്ജ്വലമായ വീണ്ടെടുക്കല്‍ അദ്ദേഹത്തിന്‍റെ എണ്‍പതുകളിലെ കവിതകളുടെ മുഖ്യസവിശേഷതയാണ്. ഭരണകൂടത്താല്‍ നിരന്തരം പീഡിപ്പിക്കപ്പെട്ട ഇരുപതാംനൂറ്റാണ്ടിലെ കൊറിയന്‍ എഴുത്തുകാരില്‍ ഇന്നും  ജീവിച്ചിരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ഷിന്‍.